This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിപ്പിള്‍ ആന്റന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിപ്പിള്‍ ആന്റന്റ്

Triple Entente

ത്രികക്ഷി സൗഹൃദം. ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും റഷ്യയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര ധാരണയായിരുന്നു ഇത്. ഇത് ഔപചാരികമായ ഒരു ഉടമ്പടി ആയിരുന്നില്ല. മൂന്നു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഒരു പൊതുകരാര്‍ ഉണ്ടായിരുന്നില്ല. ഇവര്‍ തമ്മില്‍ ഉണ്ടായിരുന്ന വ്യത്യസ്തങ്ങളായ ഉഭയധാരണകളായിരുന്നു ട്രിപ്പിള്‍ ആന്റന്റ്. പൊതു താത്പര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാനും ആക്രമണകാരികള്‍ക്കെതിരെ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള ധാരണ ഇതിലുണ്ടായിരുന്നു.

സമാധാനവും യൂറോപ്പില്‍ ശാക്തേയ സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനായി 1891-ലാണ് ആദ്യമായി ഫ്രാന്‍സും റഷ്യയും ധാരണയില്‍ എത്തിയത്. ഈ ധാരണ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 1892 ആഗ. 18-ന് ഒരു സൈനിക കണ്‍വെന്‍ഷന്‍ ചേരുകയും പൊതുശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് നിര്‍ദിഷ്ടമായ സഖ്യം 1894-ല്‍ രൂപം കൊള്ളുകയുണ്ടായി. 1897 ആഗ. വരെ ഈ വസ്തുത രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഫ്രഞ്ച്-റഷ്യന്‍ ധാരണയെത്തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മിലും ഒരു ധാരണ ഉടലെടുത്തു. തങ്ങളുടെ കൊളോണിയല്‍ മേധാവിത്വത്തിലും സൈനിക ശക്തിയിലും അമിതമായി അഹങ്കരിച്ചിരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നൊക്കെ അകന്നുമാറി നില്‍ക്കുന്ന നയമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ജര്‍മനിയുടെ സൈനിക വളര്‍ച്ചയും രാഷ്ട്രീയ ശക്തിയും തങ്ങള്‍ക്കെതിരെ തിരിയുമെന്ന ഭയത്തില്‍ നിന്നാണ് ഫ്രാന്‍സുമായി സൈനിക സഹകരണത്തിന് ഗ്രേറ്റ് ബ്രിട്ടന്‍ തയ്യാറായത്. രണ്ടു രാഷ്ട്രത്തിലേയും രാഷ്ട്രത്തലവന്മാരും പാര്‍ലമെന്റ് മേധാവികളും 1903-ല്‍ പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുകയും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ നീതിയുക്തമായി പരിഹരിക്കപ്പെടണമെന്ന ധാരണയില്‍ എത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൂടുതല്‍ അടുത്തു സഹകരിക്കുന്നതിനായി പഴയ പ്രശ്നങ്ങളില്‍ പലതും ചര്‍ച്ചയിലൂടെ 1904- ല്‍ പരിഹരിക്കുകയും ചെയ്തു. അങ്ങനെ ഒരു സൗഹൃദ സന്ധി (Entente Cordiale) നിലവില്‍ വന്നു. ഫ്രഞ്ച്- ഇംഗ്ലീഷ് ധാരണ സ്വാഭാവികമായും ജര്‍മനിക്ക് ഇഷ്ടപ്പെടുന്നതായിരുന്നില്ല.

റഷ്യ- ജപ്പാന്‍ യുദ്ധത്തെ (1904-05) തുടര്‍ന്ന് തകര്‍ന്നുപോയ ബ്രിട്ടിഷ്- റഷ്യന്‍ ബന്ധം 1907-ലെ പരസ്പര ധാരണയെത്തുടര്‍ന്ന് വീണ്ടും സജീവമായി. 1907-ലെ ആംഗ്ലോ- റഷ്യന്‍ സമ്മേളനത്തെത്തുടര്‍ന്ന് ഇരൂ രാജ്യങ്ങളും തമ്മില്‍ അതുവരെ നിലനിന്നിരുന്ന പല തര്‍ക്കപ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഇപ്രകാരം ഫ്രാന്‍സും റഷ്യയും തമ്മിലും, ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മിലും, ഗ്രേറ്റ് ബ്രിട്ടനും റഷ്യയും തമ്മിലും നിരവധി ചര്‍ച്ചകളിലൂടെയും സഹകരണങ്ങളിലൂടെയും ഉരുത്തിരിഞ്ഞ ട്രിപ്പിള്‍ ആന്റന്റ് ഒന്നാം ലോകയുദ്ധമായപ്പോഴേക്കും 1882-ല്‍ രൂപവത്കൃതമായിരുന്ന ട്രിപ്പിള്‍ അലയന്‍സിന് എതിരായ സഖ്യമായിത്തീര്‍ന്നിരുന്നു. ഇതിനിടയ്ക്ക് ട്രിപ്പിള്‍ അലയന്‍സിലെ ഒരു കക്ഷിയായ ഇറ്റലി ട്രിപ്പിള്‍ ആന്റന്റിലെ അംഗമായ ഫ്രാന്‍സുമായി 1902-ല്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് 1915-മേയ് മാസത്തില്‍ ഇറ്റലി ട്രിപ്പിള്‍ അലയന്‍സിനെ തള്ളിപ്പറഞ്ഞശേഷം ട്രിപ്പിള്‍ ആന്റന്റിലെ ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സിനും റഷ്യയ്ക്കും ഒപ്പം ചേര്‍ന്ന് ട്രിപ്പിള്‍ അലയന്‍സിലെ ആസ്റ്റ്രിയ-ഹംഗറിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി,

(ഡോ. വി. മുരളീധരന്‍ നായര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍